| ||
ഏഴാംക്ലാസ് മുതല്‍ മൊയ്തീന്‍ പശുവിനെ വളര്‍ത്താന്‍ തുടങ്ങിയതാണ്. ഇപ്പോള്‍ മൂന്നു പശുക്കളുണ്ട്. മൂന്നും സുനന്ദിനി ഇനത്തില്‍പ്പെട്ടവയാണ്. മൊയ്തീനേക്കാള്‍ വിലപിടിപ്പുള്ളവയാണ് പശുക്കള്‍. ഓരോന്നിനും ഏകദേശം മുപ്പതിനായിരം രൂപ വിലവരും. പശുക്കളുടെ ശരാശരി പാലുത്പാദനം പത്തു ലിറ്ററാണ്. നല്ല കറവയുള്ളപ്പോള്‍ ഇത് പതിനെട്ടു ലിറ്ററാകും. കുറയുമ്പോള്‍ ആറോ ഏഴോ ആകും. ചിലപ്പോള്‍ ഇരുപതു ലിറ്റര്‍വരെയും അപൂര്‍വമായി കിട്ടാറുണ്ട്. മൊയ്തീന്‍ വയനാട് കല്പറ്റയിലെ മണിയങ്കോട് സൊസൈറ്റിയിലാണ് പാല്‍ കൊടുക്കുന്നത്. അവിടെ ഒരു ലിറ്റര്‍ പാലിന് പതിനഞ്ച് - പതിനെട്ട് രൂപവരെയാണ് വില. ഒരേ പശുവിന്റെ പാലാണ് കൊടുക്കുന്നതെങ്കിലും 'ഗുണനിലവാര'മനുസരിച്ച് ദിവസവും വിലവ്യത്യാസം വരുമത്രേ. ഏതായാലും പതിനെട്ടു രൂപവെച്ചു നോക്കിയാല്‍ ഒരു പശുവില്‍നിന്ന് 180 രൂപയുടെ പാല്‍ ഒരു ദിവസം കിട്ടും. ഇനി കാലിത്തീറ്റയുടെ കാര്യത്തിലേക്കു കടക്കാം. ഒരു പശുവിന് ഒരു ദിവസം ആറ്-ഏഴ് കിലോ കാലിത്തീറ്റ വേണം. ഒരു കിലോ തീറ്റയുടെ വില പതിമൂന്ന്-പതിനഞ്ച് രൂപവരെയാണ്. അതായത്, ഒരു പശുവിന് ഒരു ദിവസം തൊണ്ണൂറ്റിനാലു രൂപയുടെ കാലിത്തീറ്റ വേണം. പിന്നെ, ഒരുകെട്ട് പുല്ലെങ്കിലും കൊടുക്കണം. അതിന് ഇരുപത്തിയഞ്ചു രൂപ. ഇതെല്ലാം കഴിയുമ്പോള്‍ 'ലാഭം' അറുപത്തിയൊന്നു രൂപ. കൂടാതെ കുറച്ച് കടലപ്പിണ്ണാക്കും അസുഖമെന്തെങ്കിലും ഉണ്ടെങ്കില്‍ മരുന്നും കൊടുക്കണം. എല്ലാം കഴിയുമ്പോള്‍ ഒരു പശുവില്‍നിന്നുള്ള വരുമാനം കഷ്ടിച്ച് അന്‍പതു രൂപ. മൊയ്തീന്‍, ഭാര്യ, പെങ്ങള്‍, കുട്ടികള്‍ എല്ലാവരുമടങ്ങുന്ന കുടുംബം കഴിയേണ്ടത് ഈ വരുമാനത്തിലാണ്. ഇവിടെ ഓര്‍ക്കേണ്ട മറ്റൊരു കാര്യം, മൂന്നുപേരുടെ, മൊയ്തീന്‍, ഭാര്യ, പെങ്ങള്‍, പുലര്‍ച്ചെ നാലു മണിമുതല്‍ വൈകുന്നേരം ഏഴുമണിവരെയുള്ള അധ്വാനമാണ്. അതിന്റെ മൂല്യം കുറയ്ക്കുകകൂടി ചെയ്താല്‍ വരുമാനം മൈനസ്സാകും. കാരണം, ഈ മൂന്നുപേര്‍ തൊഴിലുറപ്പുപദ്ധതിയില്‍ പണിക്കു പോയാല്‍ ദിവസം 375 രൂപ കിട്ടും. പുറംപണിക്കാണെങ്കില്‍ അതില്‍ കൂടുതല്‍ കിട്ടും - 'പത്തുപന്ത്രണ്ടു വയസ്സില്‍ തുടങ്ങിയ പണിയല്ലേ, ശീലമായിപ്പോയി. വേറൊരു പണിയും അറിയില്ല. പിന്നെ, പശുവിനെ വാങ്ങിയതിന്റെയും കൂടു കെട്ടിയതിന്റെയും ഒക്കെ ലോണും ഉണ്ട്. എങ്ങനെയോ കഴിഞ്ഞുപോകുന്നു'- എന്തോ അദ്ഭുതംപോലെ ജീവിതം കഴിഞ്ഞുപോകുന്നതിന്റെ ആശ്വാസത്തോടെ മൊയ്തീന്‍ പറയുന്നു. പട്ടിണികിടന്നിട്ടായാലും ലോണടയ്ക്കുന്ന സ്വഭാവമായതുകൊണ്ട് വിദര്‍ഭ പാക്കേജിന്റെ ആനുകൂല്യവും മൊയ്തീന് കിട്ടിയിട്ടില്ല. ഇനി, മൊയ്തീന്റെ മൂന്നു പശുക്കള്‍ ഉത്പാദിപ്പിക്കുന്ന നാല്പത്തിയഞ്ചു ലിറ്റര്‍ പാലിന്റെ കാര്യമെടുക്കാം. ഓട്‌സും ഹോര്‍ലിക്‌സും പട്ടിക്കുള്ള പാലുമൊക്കെയായി ശരാശരി ഒരു ലിറ്റര്‍ വീതം നഗരവാസികളായ നാല്പത്തിയഞ്ചു കുടുംബങ്ങളുടെ ആവശ്യം ഇതുവഴി നിറവേറ്റപ്പെടുന്നുണ്ട്. ഇനി പറയൂ, ശരാശരി അന്‍പതു രൂപ വരുമാനത്തിനായി നമുക്കുവേണ്ടി മൊയ്തീന്‍ ഇങ്ങനെ കഷ്ടപ്പെടേണ്ടതുണ്ടോ? തൊഴിലുറപ്പുപദ്ധതിയില്‍ കിട്ടുന്ന കൂലിയെങ്കിലും ഈ മനുഷ്യന് നമ്മള്‍ ഉറപ്പാക്കേണ്ടേ? എങ്കില്‍, പന്ത്രണ്ട്-പതിനഞ്ച് രൂപയ്ക്ക് ഒരു ലിറ്റര്‍ മിനറല്‍ വാട്ടര്‍ വാങ്ങുന്ന നമ്മള്‍ക്ക് ഒരു ലിറ്റര്‍ പാലിന്റെ വിലയായി ഇരുപത്തിരണ്ടു രൂപ (സൊസൈറ്റിയുടെ ലാഭം കഴിഞ്ഞ്) മൊയ്തീന്റെ കൈയില്‍ എത്തിച്ചുകൂടേ? കേരളത്തിലെ ചെറുകിട ഇടത്തരം ക്ഷീരകര്‍ഷകരുടെ പ്രതിനിധിയാണ് മൊയ്തീന്‍. ഇനിയുമുണ്ട് ഇങ്ങനെ ധാരാളം പേര്‍. സുഹ്‌റ, ഷാജന്‍, നാരായണന്‍, വിജയന്‍... പാല്‍ വില കൂടുമ്പോള്‍ നഗരവാസികളായ ഉപഭോക്താക്കളുടെ മുഖം മാത്രമാണ് ബന്ധപ്പെട്ടവരുടെ മനസ്സില്‍. ഓണമോ വിഷുവോ കല്യാണമോ മരണമോ ഒന്നുമില്ലാതെ ഒരു ദിവസംപോലും മുടക്കമില്ലാതെ മുന്നൂറ്റിയറുപത്തിയഞ്ചു ദിവസവും ഈവിധം പണിയെടുക്കുന്ന ഇവരുടെ ജീവിതം പരിഗണനയില്‍ വരാറേയില്ല. ക്ഷീരകര്‍ഷകര്‍ രംഗം വിടുന്നുവെന്ന് മുറവിളികൂട്ടുന്നവര്‍ മൊയ്തീനെപ്പോലുള്ളവരുടെ ജീവിതം കാണണം. ചെറുകിട നാമമാത്ര കര്‍ഷകനും കര്‍ഷകത്തൊഴിലാളികളും സമൂഹത്തിലെ ദുര്‍ബലജനവിഭാഗങ്ങളുമടങ്ങുന്ന ഒരു വന്‍ജനതയാണ് കേരളത്തിന്റെ ഇരുപത്തിനാലു ലക്ഷം വരുന്ന കാലിസമ്പത്തിനെ നിലനിര്‍ത്തുന്നതെന്ന് മൃഗസംരക്ഷണവകുപ്പ് മന്ത്രി സി.ദിവാകരന്‍ പറയുന്നു(ജനപഥം മെയ് 2010). പക്ഷേ, മന്ത്രിയുടെ ഈ അറിവ് ക്ഷീരകര്‍ഷകന്റെ ജീവിതത്തില്‍ ഗുണം ചെയ്യുന്നില്ല. ക്ഷേമനിധി ഏര്‍പ്പെടുത്തുന്നതോ, പെന്‍ഷന്‍ കൊടുക്കുന്നതോ ഒന്നും ക്ഷീരകര്‍ഷകരെ ഇവിടെ പിടിച്ചുനിര്‍ത്തില്ല. കാരണം, ഒരു കിലോ കാലിത്തീറ്റയുടെയും ഒരു ലിറ്റര്‍ പാലിന്റെയും വില (കര്‍ഷകനു കിട്ടുന്നത്) തമ്മിലുള്ള വ്യത്യാസം വെറും മൂന്നു രൂപ മാത്രമാണ്. സൊസൈറ്റിയില്‍ അളന്നുകൊടുക്കുന്ന പാലിന് ആനുപാതികമായി കാലിത്തീറ്റയ്ക്ക് സബ്‌സിഡി കൊടുക്കാത്തിടത്തോളം കര്‍ഷകര്‍ ഈ മേഖലയില്‍ തുടരില്ല. കാരണം, നമ്മുടെ കര്‍ഷകരില്‍ മഹാഭൂരിപക്ഷവും ഒരേക്കറില്‍ താഴെ മാത്രം ഭൂമിയുള്ളവരാണ്. അവര്‍ക്ക് പശുവിനെ വളര്‍ത്തണമെങ്കില്‍ കാലിത്തീറ്റമാത്രമാണ് ആശ്രയം. കേരളത്തില്‍ കാര്‍ഷികസംസ്‌കാരത്തിന്റെ ഭാഗമായിരുന്നു പശുവളര്‍ത്തല്‍. അതായത്, പശുവളര്‍ത്തല്‍ തനിച്ച് ഒരു ജീവിതോപാധിയായി കണ്ടിരുന്നില്ല. നെല്‍ക്കൃഷിയുടെ തുടര്‍ച്ചയായിരുന്നു അതും. ചാണകവും മൂത്രവും കൃഷിയിടങ്ങളില്‍ വളവും, കൊയ്‌ത്തൊഴിഞ്ഞ പാടങ്ങള്‍ മേയാനുള്ള ഇടങ്ങളുമായി. എന്നാല്‍, കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നെല്‍പ്പാടങ്ങളുടെ വിസ്തൃതിയില്‍ കുത്തനെയുള്ള ഇടിവുണ്ടായി. നെല്‍ക്കൃഷി ഒഴിവാക്കിയതിനൊപ്പംതന്നെ കര്‍ഷകര്‍ പശുക്കളെയും ഒഴിവാക്കി. അതേസമയം, പാല്‍ ഉപഭോക്താക്കളുടെ എണ്ണം വലിയ തോതില്‍ വര്‍ധിക്കുകയും ചെയ്തു. ഉദാഹരണത്തിന് 1981- ല്‍ കേരളത്തില്‍ പാലിന്റെ ആവശ്യം ഒരു ദിവസം 18.62 ലക്ഷം ലിറ്റര്‍ ആയിരുന്നു. 2010-ല്‍ ഇത് 29.5 ലിറ്റര്‍ ആണ്. ഈ സാഹചര്യത്തില്‍ ഉത്പാദനം പരമാവധി ഉയര്‍ത്തുക എന്നതായി സര്‍ക്കാറിന്റെ ലക്ഷ്യം. അതിനുവേണ്ടി ഉത്പാദനശേഷി കൂടിയ വിദേശയിനം പശുക്കളെ ഇറക്കുമതി ചെയ്തു. ഈര്‍പ്പവും ചൂടും കൂടിയ കേരളത്തിന്റെ കാലാവസ്ഥയില്‍ അവയ്‌ക്കെത്രത്തോളം പിടിച്ചുനില്ക്കാനാവും എന്ന വസ്തുത വേണ്ടത്ര പരിഗണിക്കപ്പെട്ടില്ല. മാട്ടുപ്പെട്ടിയില്‍നിന്നും വയനാട്ടിലേക്ക് വാങ്ങിക്കൊണ്ടുപോയ ഹോള്‍സ്റ്റെയിന്‍ പശുക്കളിലൊന്ന് പാലക്കാട്ടെ കൊടുംചൂടും കടന്ന് വയനാട്ടിലെത്തിയപ്പോഴേക്ക് ചത്തുപോയത് ഉദാഹരണം. ഒരു പശുവിന്റെ വില നാല്പതിനായിരം രൂപയാണെന്ന് ഓര്‍ക്കണം. ഈയിനം പശുക്കള്‍ അതിവേഗം രോഗബാധിതരാകുന്നുവെന്നും കര്‍ഷകര്‍ക്ക് പരാതിയുണ്ട്. 'അകിടു വീക്കമാണ് പ്രധാന പ്രശ്‌നം. അഞ്ചോ ആറോ മണിക്കൂറിനുള്ളില്‍ ചികിത്സ കൊടുക്കാന്‍ പറ്റിയില്ലെങ്കില്‍ ആ പശുവില്‍നിന്നുള്ള ഉത്പാദനം കാര്യമായി കുറയും. നമ്മുടെ കാലാവസ്ഥ പറ്റാത്തതുകൊണ്ടാണ് അവയ്ക്ക് രോഗം വരുന്നത്. കുട്ടികളെ നോക്കുന്നതുപോലെ എപ്പോഴും നോക്കിക്കൊണ്ടിരിക്കണം'-എട്ടു പശുക്കളുടെ ഉടമയായ കുര്യന്‍ പറയുന്നു. 'പശുവിനെ വളര്‍ത്തല്‍പോലെത്തന്നെ ചെലവാണ് അവയുടെ ചികിത്സയ്ക്കും. രോഗം വന്നാല്‍ 2000-3000 രൂപവരെയാകും ചെലവ്. വൈക്കോലിനും പുല്ലിനും കാലിത്തീറ്റയ്ക്കും ഒക്കെ വേറെ. സര്‍ക്കാറിന്റെ എല്ലാ പദ്ധതികളുടെയും ആനുകൂല്യം കിട്ടിയാലും പശുവളര്‍ത്തല്‍ നഷ്ടംതന്നെയാണ്. ഒന്നരലക്ഷം രൂപ ലോണെടുത്താണ് പശുക്കൂട് ഉണ്ടാക്കിയത്. വാഴക്കുല വിറ്റാണ് ഞാന്‍ ലോണടച്ചു തീര്‍ത്തത്. പാലു വിറ്റല്ല', കുര്യന്‍ പറയുന്നു. മരണം നടന്നാലും കല്യാണം നടന്നാലും ക്ഷീരകര്‍ഷകനു ബാധകമല്ല. ഒരു ദിവസംപോലും തൊഴുത്തില്‍നിന്ന് മാറിനില്ക്കാനാവില്ല. 365 ദിവസവും നീളുന്ന ഈ സേവനം പക്ഷേ, എവിടെയും പരിഗണിക്കപ്പെടുന്നില്ല. പശുക്കള്‍ക്കു മേയാന്‍ ഭൂമിയില്ലാതായത് കാലിത്തീറ്റമാത്രം തിന്ന് ജീവിക്കുന്ന വിദേശ ഇനങ്ങളിലേക്കു മാറാന്‍ കേരളത്തെ പ്രേരിപ്പിച്ച ഒരു ഘടകമാണ്. 'ഇന്നിപ്പോള്‍ കാലിത്തീറ്റയിലൂന്നിയ പശുവളര്‍ത്തലാണു നടക്കുന്നത്. ഇങ്ങനെമാത്രം പശുക്കളെ വളര്‍ത്താമെന്ന കാര്യത്തില്‍ വിജയംകണ്ട സംസ്ഥാനവുമാണ് കേരളം. പക്ഷേ, കാലിത്തീറ്റയുടെ വില കര്‍ഷകനു താങ്ങാനാവില്ല. അതുകൊണ്ട് സബ്‌സിഡി കൊടുത്തേ മതിയാവൂ. അതിനുവേണ്ടത് കാലിത്തീറ്റ നിര്‍മാണശാലയ്ക്ക് വൈദ്യുതി ബില്ലില്‍ ഇളവു നല്കുകയാണ്. കാലിത്തീറ്റയുടെ നികുതിയും എടുത്തുകളയണം. അങ്ങനെയാണെങ്കില്‍ മാത്രമേ കര്‍ഷകന് ലാഭകരമായി പശുവിനെ വളര്‍ത്താന്‍ കഴിയൂ. ടൂറിസം വികസനത്തിനുവേണ്ടി സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് വൈദ്യുതി സബ്‌സിഡി നല്കാമെങ്കില്‍ എന്തുകൊണ്ട് കാലത്തീറ്റയ്ക്ക് നല്കിക്കൂടാ?' -പ്ലാനിങ് ബോര്‍ഡ് മുന്‍ അംഗം സി.പി.ജോണ്‍ ചോദിക്കുന്നു. കാലിത്തീറ്റയുടെ വിലവര്‍ധനയ്ക്കു പുറമേ ക്ഷീരമേഖലയിലെ മറ്റൊരു പ്രശ്‌നം പാല്‍ തണുപ്പിച്ചു സൂക്ഷിക്കാന്‍ സംവിധാനമില്ലാത്തതാണെന്നും സി.പി.ജോണ്‍ പറയുന്നു. 'പഞ്ചായത്ത് അടിസ്ഥാനത്തില്‍ത്തന്നെ കോള്‍ഡ് ചെയ്ന്‍ സംവിധാനം വേണം. അതില്ലാത്തത് പാലിന്റെ ഗുണനിലവാരത്തെ കാര്യമായി ബാധിക്കുന്നുണ്ട്. അതുപോലെത്തന്നെ പ്രധാനമാണ് മൃഗങ്ങള്‍ക്കുള്ള മരുന്നിന്റെ വില കുറയ്ക്കുക എന്നതും. ഇപ്പോഴത്തെ ചികിത്സാച്ചെലവ് സാധാരണ കര്‍ഷകര്‍ക്ക് താങ്ങാനാവാത്തതാണ്.' ക്ഷീരകര്‍ഷകര്‍ക്കായി ഒട്ടനവധി പദ്ധതികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നടപ്പാക്കിവരുന്നുണ്ട്. പക്ഷേ, പാലിന്റെ കുറഞ്ഞ വിലയിലും കാലിത്തീറ്റയുടെ കൂടിയ വിലയിലും തട്ടി അവയൊക്കെ തകരുകയാണ്. പശു പ്രസവിക്കുന്നതുവരെയോ അല്ലെങ്കില്‍ മുപ്പത്തിരണ്ടു മാസം പ്രായമാകുന്നതുവരെയോ കാലിത്തീറ്റ പകുതിവിലയ്ക്കു നല്കുന്ന പ്രത്യേക കന്നുകുട്ടി പരിപാലനപദ്ധതി ക്ഷീരകര്‍ഷകര്‍ക്ക് വളരെ ആശ്വസം നല്കുന്നതാണ്. 2001-'02 മുതല്‍(ഏറ്റവുമധികം പാലുള്ള സമയത്ത്) സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിവരുന്ന ഈ പദ്ധതിയില്‍ എരുമക്കുട്ടികള്‍ ഉള്‍പ്പെടെ അന്‍പതിനായിരം കന്നുകുട്ടികളെ ഉള്‍പ്പെടുത്താന്‍ ഈ വര്‍ഷം ഉദ്ദേശിക്കുന്നുണ്ട്. അതുപോലെത്തന്നെ കേന്ദ്രാവിഷ്‌കൃതപദ്ധതിയായ ദേശീയ തീറ്റപ്പുല്‍ പരിപാടിയും പ്രയോജനകരമാണ്. പക്ഷേ, ചെറുകിട-ഇടത്തര കര്‍ഷകര്‍ക്ക് ഇതിന്റെ പ്രയോജനം വേണ്ടത്ര കിട്ടുന്നില്ല. കാരണം, ഈ വിഭാഗത്തില്‍പ്പെടുന്ന കര്‍ഷകരില്‍ അധികവും ഒരേക്കറില്‍ താഴെമാത്രം ഭൂമിയുള്ളവരാണ്. സര്‍ക്കാര്‍പദ്ധതികളുടെ മറ്റൊരു പോരായ്മ അവയില്‍ പലതും ലോണുമായി ബന്ധപ്പെട്ടതാണെന്നുള്ളതാണ്. അതുകൊണ്ടുതന്നെ കടക്കെണിയില്‍പ്പെട്ട കര്‍ഷകര്‍ക്കു മാത്രമാണ് പ്രയോജനം കിട്ടുക. പട്ടിണി കിടന്നാലും കടം വീട്ടണമെന്ന് ചിന്തിക്കുന്ന കര്‍ഷകര്‍ ഇത്തരം ആനുകൂല്യങ്ങളില്‍നിന്ന് പുറത്താക്കപ്പെടുന്നു. മൊയ്തീനെപ്പോലെയുള്ള കര്‍ഷകര്‍ക്ക് വിദര്‍ഭ പാക്കേജിന്റെ ആനുകൂല്യം കിട്ടാതെപോയത് ഇക്കാരണത്താലാണ്. പല ലോണുകള്‍ക്കും പലിശയും അധികമാണ്. പന്ത്രണ്ടു ശതമാനംവരെ പലിശയുള്ള ലോണുകള്‍ കര്‍ഷകര്‍ക്ക് താങ്ങാനാവില്ല. മാത്രമല്ല, പല ബാങ്കുകളും ഏകീകൃത സ്വഭാവത്തോടെയല്ലാതെ പലിശ ഏര്‍പ്പെടുത്തുന്നതായും ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. വലിയ പശുക്കളെ തീറ്റിപ്പോറ്റാനും പാല്‍വില്പന നടത്താനുമൊന്നും താത്പര്യമില്ലാത്ത, എന്നാല്‍ സ്വന്തം ആവശ്യത്തിനുള്ള പാല്‍ വീട്ടില്‍ത്തന്നെ ഉത്പാദിപ്പിക്കാനും താത്പര്യമുള്ള ഇടത്തരം കുടുംബങ്ങള്‍ ധാരാളമുണ്ട്. ശരാശരി രണ്ടു ലിറ്റര്‍ പാല്‍ കിട്ടുന്ന പശുവളര്‍ത്തല്‍ ഒരു ബാധ്യതയാവാത്ത വിധത്തിലുള്ള ചെറിയ ഇനം നാടന്‍പശുക്കളെയാണ് അവര്‍ തിരയുന്നത്. ഇത്തരക്കാരുടെ ആവശ്യം നിറവേറ്റാന്‍ നമുക്കു കഴിയുമോ? പാലിന്റെ സ്വയംപര്യാപ്തത എന്ന ലക്ഷ്യത്തില്‍ ഇത് വലിയ ഘടകമാണ്. ഈ ചോദ്യത്തിന് ഉത്തരം തേടുമ്പോള്‍ നമ്മുടെ സ്വന്തമായിരുന്ന വെച്ചൂര്‍പശു എവിടെ പോയി എന്ന് അന്വേഷിക്കേണ്ടതുണ്ട്. ഉത്പാദനം എന്ന ലക്ഷ്യം മാത്രം കണ്ടു നീങ്ങിയപ്പോള്‍ ഇവിടുത്തെ യാഥാര്‍ഥ്യങ്ങള്‍ അംഗീകരിക്കപ്പെട്ടില്ല. ഇവിടെയിപ്പോള്‍ ഉള്ളതില്‍ തൊണ്ണൂറു ശതമാനവും വിദേശയിനം പശുക്കളാണ്. അതില്‍ത്തന്നെ ഹോള്‍സ്റ്റെയിന്‍ ഫ്രീസിയന്‍ (Holstein Friesian)ആണ് പ്രധാനം. ഇന്ന് ലോകം മുഴുവന്‍ ഇതിന്റെ നീരാളിപ്പിടിത്തത്തിലാണ്. ഇവയ്ക്ക് നമ്മുടെ നാട്ടിലെ കാലാവസ്ഥയുമായി പൊരുത്തമില്ല. 'വിദേശത്ത് മികച്ച ഉത്പാദനശേഷിയുള്ള ഈ പശുക്കള്‍ക്ക് ഇവിടെയെത്തുമ്പോള്‍ കിട്ടുന്നത് ഇരുപതു ലിറ്ററില്‍ താഴെയാണ്. മാത്രമല്ല, വേഗം രോഗബാധിതരാവുകയും ചെയ്യും. അന്‍പതു ശതമാനം നമ്മുടേതും അന്‍പതു ശതമാനം വിദേശിയുമായ സങ്കരയിനത്തിനേ ഇവിടുത്തെ സാഹചര്യത്തില്‍ മികച്ച ഉത്പാദനവും രോഗപ്രതിരോധശേഷിയും ഉണ്ടാവൂ. ഹോള്‍സ്റ്റെയിന് അമേരിക്കയില്‍ കുളമ്പുരോഗം വരുന്നില്ല. ഇവിടെ അതു ധാരാളമായി ഉണ്ടാകുന്നുവെന്നതും ശ്രദ്ധേയമാണ്. അറുപതുകളില്‍ ഇന്‍ഡോ-സ്വിസ് പ്രൊജക്ടിന്റെ ഭാഗമായി നടപ്പാക്കിയ ഈ നയത്തിന്റെ ഫലമാണ് ഓരോ കുടുംബത്തേയും പാലിന്റെ കാര്യത്തില്‍ സ്വയംപര്യാപ്തമാക്കാന്‍ ശേഷിയുണ്ടായിരുന്ന നമ്മുടെ വെച്ചൂര്‍പശു ഇല്ലാതായത്' -വെച്ചൂര്‍പശു കണ്‍സര്‍വേഷന്‍ ട്രസ്റ്റിന്റെ രക്ഷാധികാരിയും കേരള അഗ്രിക്കള്‍ച്ചര്‍ യൂണിവേഴ്‌സിറ്റിയിലെ അനിമല്‍ ബ്രീഡിങ് ആന്‍ഡ് ജനറ്റിക്‌സ് വിഭാഗം മുന്‍ പ്രൊഫസറുമായ ഡോ. ശോശാമ്മ ഐപ്പ് പറയുന്നു. ക്ഷീരമേഖലയിലെ നമ്മുടെ നയങ്ങള്‍ തെറ്റായിരുന്നുവെന്ന് സമ്മതിക്കാതെ തരമില്ല. കാരണം, കഴിഞ്ഞ അറുപതു വര്‍ഷമായിട്ടും ഇന്നും നമുക്ക് നമ്മുടേതായ ഒരു ഇനത്തെ വികസിപ്പിച്ചെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഇപ്പോഴും കാളയും ബീജവും അണ്ഡവും എല്ലാം ഇറക്കുമതി ചെയ്യുകയാണ്. കൃഷിക്കാരനു തന്റെ ആവശ്യത്തിനനുസരിച്ചുള്ള ഒരിനത്തെ തിരഞ്ഞെടുക്കാനുള്ള അവസരമില്ല. മൃഗാശുപത്രിയില്‍ ചെല്ലുമ്പോള്‍ ഏതിനത്തിന്റെ ബീജമാണ് പശുക്കളില്‍ കുത്തിവെക്കുന്നതെന്നും കര്‍ഷകനറിയുന്നില്ല. ആദ്യം നാട്ടില്‍ സമൃദ്ധമായിരുന്ന ജേഴ്‌സി ഇപ്പോള്‍ തീര്‍ത്തും കുറഞ്ഞു. പിന്നെ ബ്രൗണ്‍ സ്വിസായി. അത്ര മെച്ചമല്ലെന്നു കണ്ട് അതുപേക്ഷിച്ചു. പക്ഷേ, ഇപ്പോഴും ബ്രൗണ്‍ സ്വിസിന്റെ ബീജം കുത്തിവെക്കുന്നു എന്ന സംശയം ഈ രംഗത്തുള്ളവര്‍ പ്രകടിപ്പിക്കുന്നുണ്ട്. സുനന്ദിനി എന്ന് പൊതുവേ അറിയപ്പെടുന്ന ഒരിനമാണ് ഇപ്പോള്‍ വ്യാപകം. നമ്മളിപ്പോഴും പരീക്ഷണങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. രണ്ടു മാസം മുന്‍പ് വിദേശയാത്ര പോയി മടങ്ങിവന്ന മന്ത്രി സി. ദിവാകരന്‍ പറഞ്ഞത് പുതിയ ഒരിനത്തെക്കൂടി ഇറക്കുമതി ചെയ്യാന്‍ പോവുകയാണെന്നാണ്. അത് 700 കിലോ തൂക്കമുള്ള ഇനം പശുവാണെന്നും കേള്‍ക്കുന്നു. 500 കിലോ തൂക്കമുള്ളവയ്ക്ക് കാലിത്തീറ്റ കൊടുത്ത് കര്‍ഷകന്‍ കുത്തുപാളയെടുക്കുകയാണ്. അവരുടെ ചുമലിലേക്കാണ് 700 കിലോ തൂക്കമുള്ള പുതിയ ഇനം. ഫ്രാന്‍സില്‍നിന്നാണ് മൊബിലിയാര്‍ഡ് എന്ന പുതിയ ഇനത്തെ ഇറക്കുമതി ചെയ്യുന്നതെന്ന് കേരള ലൈവ് സ്റ്റോക്ക് ഡവലപ്‌മെന്റ് ബോര്‍ഡ് മാനേജിങ് ഡയറക്ടര്‍ ഡോ.അനി എസ്.ദാസ് പറയുന്നു- 'ഒരു ദിവസം നാല്പതു ലിറ്റര്‍ പാല്‍ ഉത്പാദിപ്പിക്കാന്‍ കഴിവുള്ള പശുക്കളാണിത്. ഇവിടെ പരീക്ഷണം നടത്തി വിജയമാണെന്നു കണ്ടാല്‍ മാത്രമേ കര്‍ഷകര്‍ക്ക് വിതരണം ചെയ്യൂ. ഫ്രാന്‍സില്‍നിന്നുള്ള ഇനമാണത്. ഭ്രൂണം മാറ്റിവയ്ക്കലിലൂടെ ഗീര്‍ എന്ന ഇന്ത്യന്‍ ഇനത്തെയും ഇപ്പോള്‍ നല്കുന്നുണ്ട്. വെച്ചൂര്‍പശുവിന്റെ ബീജം ഉത്പാദിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. അതുമിപ്പോള്‍ പരീക്ഷണഘട്ടത്തിലാണ്. വൈകാതെ കര്‍ഷകര്‍ക്ക് വിതരണം ചെയ്യാനാവുമെന്ന് കരുതുന്നു.' 1960-കള്‍വരെ കേരളത്തിലെ കുടുംബങ്ങളുടെ പ്രിയപ്പെട്ട വളര്‍ത്തുമൃഗമായിരുന്നു 91 സെ.മീറ്റര്‍ ഉയരവും 107 കിലോ മാത്രം തൂക്കവുമുള്ള ഏറ്റവും ചെറിയ പശുവായ വെച്ചൂര്‍പശു. നമ്മുടെ നയങ്ങള്‍ അവയെ ഇല്ലായ്മ ചെയ്തു. 1980-ഓടെ വെച്ചൂര്‍പശു ഏതാണ്ടു നാമാവശേഷമായി. പശുവളര്‍ത്തലിന്റെ ബാധ്യതകളില്‍ താത്പര്യമില്ലാത്ത കുടുംബങ്ങള്‍ക്ക് ആവശ്യം നിറവേറ്റാന്‍ ദിവസേന മൂന്നു ലിറ്റര്‍ പാല്‍ തരുന്ന വെച്ചൂര്‍പശു ധാരാളമായിരുന്നു. മാത്രമല്ല, തൂക്കത്തിന് ആനുപാതികമായി നോക്കുമ്പോള്‍ ലോകത്ത് ഏറ്റവുമധികം ഉത്പാദനശേഷിയുള്ള ഇനവുമാണിത്. നമ്മുടെ സാഹചര്യങ്ങളുമായി വളരെയധികം ഇണക്കവും ഇവയ്ക്കുണ്ടായിരുന്നു. അതുകൊണ്ടാണ്, കുളമ്പുരോഗത്തെ പ്രതിരോധിക്കാന്‍ ഇവയ്ക്ക് കഴിഞ്ഞിരുന്നത്. വെച്ചൂര്‍പശുവിന്റെ പാലിന് ഔഷധഗുണമുള്ളതായും കണ്ടെത്തിയിട്ടുണ്ട്. എന്തായാലും സര്‍ക്കാര്‍നയം വെച്ചൂര്‍പശുവിനെ നമ്മുടെ തൊഴുത്തില്‍നിന്ന് കാര്‍ഷിക സര്‍വകലാശാലകളിലെ പരീക്ഷണശാലകളിലേക്ക് ഒതുക്കി. ബ്രസീലില്‍നിന്നുള്ള വര്‍ത്തമാനങ്ങള്‍ ബ്രസീലിലെ കാലിത്തൊഴുത്തില്‍നിന്നു വരുന്ന വാര്‍ത്തകള്‍ കേട്ട് നമുക്ക് കരയുകയോ ചിരിക്കുകയോ ആവാം. വെച്ചൂര്‍പശുവിനെപ്പോലെ ഇന്ത്യന്‍ മൃഗസംരക്ഷണവിദഗ്ധര്‍ പുച്ഛിച്ചുതള്ളിയ ഗീര്‍, കാന്‍ക്‌രേജ്, ഓങ്കോള്‍ എന്നീ മൂന്നിനം പശുക്കളാണ് ഇന്ന് ബ്രസീലിന്റെ സമ്പദ്‌വ്യവസ്ഥയിലെ പ്രധാന ഘടകം. ഇറച്ചിക്കുവേണ്ടി 1960-കളില്‍ ബ്രസീല്‍ ഇവിടെനിന്ന് ഇറക്കുമതി ചെയ്ത ഈയിനങ്ങളുടെ പാലുത്പാദനശേഷി ബ്രസീല്‍ കണ്ടെത്തി. ലോകത്തിലെ ഏറ്റവുമധികം പാലുത്പാദനശേഷിയുള്ള പശുക്കളുടെ അണ്ഡവും ബീജവും കയറ്റുമതി ചെയ്യുന്ന മുന്‍നിര രാജ്യങ്ങളിലൊന്നായി ബ്രസീല്‍ വളര്‍ന്നത് നമ്മുടെ ഈ മൂന്നിനം കന്നുകാലികളില്‍നിന്നാണെന്ന് കൃഷി-ഭക്ഷ്യ മേഖലകളിലെ വിദഗ്ധനായ ഡോ. ദേവീന്ദര്‍ ശര്‍മ പറയുന്നു. ആഫ്രിക്കയിലും തെക്കുകിഴക്കേഷ്യയിലും ഉഷ്ണമേഖലാരാജ്യങ്ങളിലും ഇവയ്ക്ക് വന്‍ ഡിമാന്റാണ്. നമ്മള്‍ അഭിമാനത്തോടെ ഇറക്കുമതി ചെയ്ത ജഴ്‌സി പാല്‍ ചുരത്തുന്ന കാലത്ത് (307 ദിവസം) ശരാശരി എട്ടു ലിറ്റര്‍ പാല്‍ പ്രതിദിനം ഉത്പാദിപ്പിക്കുമ്പോള്‍ ഗീറിന്റെ ഉത്പാദനശേഷി ശരാശരി പതിനേഴു ലിറ്ററാണ്. ഗീര്‍ പ്രതിദിനം ഇരുപത്തിയേഴു ലിറ്റര്‍വരെ ബ്രസീലില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയറിയാത്തത് ബ്രസീല്‍ അറിഞ്ഞു. (പരിസ്ഥിതിയുടെ വര്‍ത്തമാനം എന്ന പുസ്തകത്തില്‍ നിന്ന്) |
മൊയ്തീന് എത്ര കാലം പശുവിനെ വളര്‍ത്തി ജീവിക്കും?
Categories :