Your Page links

 
Tuesday, January 3, 2012

ആരോഗ്യത്തിന് വേണം ഭക്ഷ്യ സംസ്കാരം

 രുചികരമാണെന്നു തോന്നുന്ന ഏതു ഭക്ഷണവും വാങ്ങി കഴിക്കുക എന്നത് മലയാളിയുടെ ഒരു പൊതുശീലമായി മാറി കഴിഞ്ഞു.

കേരളത്തിലെ കാലാവസ്ഥയ്ക്കും അന്തരീക്ഷത്തിനും യോജിച്ച ഒരു ഭക്ഷ്യസംസ്കാരം നമുക്കുണ്ടായിരുന്നു. എന്നാല്‍, വിദേശസംസ്കാരത്തെ എന്നും മാതൃകയായി സ്വീകരിക്കുന്ന നാം ആരോഗ്യകരമായ തനതു ഭക്ഷണശൈലി പാടേ മറന്നിരിക്കുന്നു.
തണുത്തവെള്ളമോ, മോരുംവെള്ളമോ ആണ് പൂര്‍വികര്‍ ക്ഷീണമകറ്റാന്‍ കുടിച്ചിരുന്നത്. സദ്യയ്ക്ക് വിളമ്പുന്ന ക്രമം നോക്കൂ. ശരീര പോഷകങ്ങളായ മധുരം, പുളി, ഉപ്പ് എന്നീ രസങ്ങളുള്ള ഭക്ഷണങ്ങള്‍ ക്രമത്തില്‍ വിളമ്പി അവസാനത്തില്‍ ദഹനം വഴിപോലെ നടക്കുവാന്‍ മോരുകൂട്ടി ഊണുകഴിക്കുകയും ചെയ്യുന്നു. ദഹനത്തെ വര്‍ധിപ്പിക്കുന്ന നെയ് ഉപയോഗിച്ചാണ് ഊണ് കഴിക്കാന്‍ ആരംഭിക്കുന്നത്.
എന്നാല്‍, ഇന്ന് നാം ആദ്യം കഴിക്കുക ദഹനശക്തിയെ കുറയ്ക്കുന്ന സൂപ്പാണ്. പിന്നീട് തീക്ഷ്ണമായ മസാലകള്‍ ചേര്‍ന്നതായ ഒട്ടനവധി വിഭവങ്ങളും.
ബേക്കറി, പേസ്റ്ററി വിഭവങ്ങളും ഫാസ്റ്റ്ഫുഡും ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറുമ്പോള്‍ നമുക്ക് നഷ്ടമാവുന്നത് ആരോഗ്യപൂര്‍ണമായ തലമുറയെയാണ്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ ഹൃദ്രോഗം മൂലം അകാലത്തില്‍ പൊലിഞ്ഞുപോയ യുവതലമുറയുടെ കണക്കുകള്‍ തന്നെ ഉദാഹരണം. കൊളസ്‌ട്രോളും പ്രമേഹവും അസിഡിറ്റിയുമായി ജീവിച്ചുമുന്നേറുന്നവര്‍ വേറെയും.
ഭക്ഷണം ഏതുപ്രകാരം
ഓരോരുത്തരും ദഹനശേഷിയനുസരിച്ച് അമിതമാവാതെയും വിരുദ്ധമാവാതെയും പോഷകാംശമുള്ള ഭക്ഷണ പദാര്‍ഥങ്ങളാണ് കഴിക്കേണ്ടത്. ന്യൂട്രീഷ്യന്‍ എന്ന വാക്കുതന്നെ മാറിടത്തില്‍നിന്ന് വലിച്ചുകുടിക്കുക എന്നര്‍ഥം വരുന്ന ന്യൂട്രിക്കസ് എന്ന ഗ്രീക്കുപദത്തില്‍ നിന്നുണ്ടായതാണ്.
അമൃതിനു തുല്യമായ മുലപ്പാല്‍ ശിശുവിന് എന്നപോലെ പോഷകസമ്പുഷ്ടമായ ആഹാരം ഊര്‍ജത്തിന്റെ ഉറവിടമാണ്. നല്ലഭക്ഷണം കഴിക്കണം എന്നത് വാസ്തവം തന്നെ. എന്നാല്‍, അതു രുചിയുടെ അടിസ്ഥാനത്തിലല്ല നിര്‍ണയിക്കപ്പെടേണ്ടത്. മറിച്ച് ഭക്ഷണത്തിലെ ഔഷധഗുണങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരിക്കണം.
ആയുര്‍വേദം അനുശാസിക്കുന്നത് നേരത്തേ കഴിച്ചിരുന്ന ആഹാരം ദഹിക്കുന്നതുവരെ മറ്റൊന്നും കഴിക്കരുത് എന്നാണ്. എന്നാല്‍, ആഹാരം ദഹിച്ചു എന്ന് നാം എങ്ങനെ മനസ്സിലാക്കും. മുന്‍പ് കഴിച്ച ആഹാരത്തിന്റെ രുചിയോ ഗന്ധമോ ഇല്ലാത്ത തികട്ടലുണ്ടാവുക, ശരീരത്തിന് ലഘുത്വം തോന്നുക, മലമൂത്രങ്ങള്‍ യഥാവിധി വിസര്‍ജിക്കുക, മനസ്സ് സ്വസ്ഥമാവുക തുടങ്ങിയവയാണ് ആഹാരം ദഹിച്ചതിന്റെ ലക്ഷണങ്ങള്‍.
ആമാശയത്തിന്റെ പകുതിഭാഗം ആഹാരംകൊണ്ടും കാല്‍ഭാഗം വെള്ളംകൊണ്ടും നിറയ്ക്കണമെന്നും ബാക്കിവരുന്ന കാല്‍ഭാഗം ഒഴിച്ചിടണം എന്നുമാണ് ശാസ്ത്രവിധി.
ആഹാരത്തോടൊപ്പം വെള്ളം കുടിക്കുമ്പോഴും ശ്രദ്ധിക്കേണ്ടതുണ്ട്. ചെറുചൂടുള്ള വെള്ളമാണ് കുടിക്കേണ്ടത്.
അമിതവണ്ണമുള്ളവര്‍ ഭക്ഷണത്തിന് മുന്‍പ് കുറച്ചുവെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കുമെന്നതിനാല്‍ ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും. ദേഹപുഷ്ടി വേണ്ടവര്‍ ആഹാരത്തിനുശേഷം വെള്ളം കുടിക്കണം.
ദാഹത്തിന് ചെറുചൂടോടുകൂടിയ തിളപ്പിച്ച വെള്ളം, ഇളനീര്‍, പഴച്ചാറുകള്‍, പച്ചക്കറി സൂപ്പുകള്‍, വെള്ളം ചേര്‍ത്ത് കാച്ചിയ ചെറുചൂടുള്ള പാല്, മോര് എന്നിവയൊക്കെ ഉപയോഗിക്കേണ്ടതാണ്.
ഭക്ഷണം എത്രമാത്രം

ദഹനശക്തിയും ദേഹപ്രകൃതിയും കാലാവസ്ഥയും അനുസരിച്ചുവേണം ഭക്ഷണത്തിന്റെ അളവ് നിശ്ചയിക്കേണ്ടത്. ഉദാഹരണമായി അമിതവണ്ണമുള്ളവര്‍ മേദസ്സിനെ വര്‍ധിപ്പിക്കുന്നതായ മധുരപലഹാരങ്ങള്‍, പുളിപ്പിച്ചുണ്ടാക്കുന്ന സാധനങ്ങള്‍, ഐസ്ക്രീം, നെയ്യ്, പാല്, തൈര്, ഉഴുന്ന് എന്നിവ അല്പം മാത്രമായിട്ടേ ഉപയോഗിക്കാവൂ. അവര്‍ തേന്‍, ഗോതമ്പ്, മുതിര, ചെറുപയര്‍, കയ്പുരസവും ചവര്‍പ്പുരസവുമുള്ള പച്ചക്കറികള്‍, കുരുമുളക്, പഴയ ധാന്യങ്ങള്‍, മോര്, നെല്ലിക്ക എന്നിവ ഉപയോഗിക്കുന്നത് ശരീരഭാരത്തെ കുറയ്ക്കാന്‍ സഹായിക്കും.
പഴവര്‍ഗങ്ങള്‍ തിരഞ്ഞെടുക്കുമ്പോഴും ശ്രദ്ധിക്കേണ്ടതുണ്ട്. നേന്ത്രപ്പഴം, മാങ്ങ, സപ്പോട്ട, ചക്ക, മുന്തിരി, ഈന്തപ്പഴം തുടങ്ങിയവ എല്ലാം ശരീരഭാരം വര്‍ധിപ്പിക്കുന്നപക്ഷം കൂടുതല്‍ മധുരമുള്ളവയുമാണ്. ഇവയുടെ അധികം ഉപയോഗം അമിതവണ്ണമുള്ളവര്‍ക്ക് പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ വരുത്തിവെച്ചേക്കും. എന്നാല്‍ ആപ്പിള്‍, ഓറഞ്ച്, പപ്പായ, പേരയ്ക്ക എന്നീ ഫലങ്ങള്‍ എല്ലാവര്‍ക്കും ഉപയോഗിക്കാവുന്നതാണ്.
മെലിഞ്ഞ ശരീരപ്രകൃതിക്കാര്‍ ശരീരപുഷ്ടി ഉണ്ടാക്കുവാനായി നെയ്യ്, പാല്‍,സൂപ്പ് എന്നിവ ദഹനത്തിനനുസരിച്ച് കൂടുതലായി ഉപയോഗിക്കുന്നത് ഉചിതമായിരിക്കും.
തെറ്റായ ഭക്ഷണശൈലികള്‍

ആയുര്‍വേദത്തില്‍ തെറ്റായ ഭക്ഷണശീലങ്ങളെ പ്രത്യേകമായി എടുത്തുപറയുന്നു. സമശനം, അത്യശനം, അമാത്രാശനം, വിഷമാശനം, വിരുദ്ധാഹാരഭോജനം എന്നിവയാണ് പ്രധാനമായിട്ടുള്ളവ.
സമശനം: ഹിതമായ ഭക്ഷണത്തെയും അഹിതമായ ഭക്ഷണത്തെയും കലര്‍ത്തിഭക്ഷിച്ച് ശീലിക്കുന്നത്.
അത്യശനം: ഭക്ഷിച്ചതിനു മീതെ ഭക്ഷിക്കുന്നതാണ്.
അമാത്രാശനം: യുക്തമായ അളവില്‍ കൂടുതലോ കുറവായോ ഭക്ഷിക്കുന്നത്.
വിഷമാശനം: പ്രത്യേക നിഷ്കര്‍ഷയൊന്നുമില്ലാതെ ചിലപ്പോള്‍ സാധാരണ കഴിക്കുന്ന സമയത്തിന് മുന്‍പായും ചിലപ്പോള്‍ അധികമായി വൈകിയും ഭക്ഷിക്കുന്നതിനെ വിഷമാശനം എന്നു പറയുന്നു.
വിരുദ്ധാഹാരം: ആഹാരപദാര്‍ഥങ്ങളെ കൂട്ടിച്ചേര്‍ക്കുമ്പോഴോ പാകപ്പെടുത്തുമ്പോഴോ ഉണ്ടാകുന്ന വൈരുധ്യം പലപ്പോഴും ശരീരത്തിന് ദ്രോഹമായിത്തീരുന്നു. വിരുദ്ധമായ ചേരുവകള്‍ ശരീരത്തില്‍ ഒരുതരം വിഷാംശത്തെ ഉണ്ടാക്കുകയും കാലക്രമേണ ത്വക്ക് രോഗങ്ങള്‍, രക്തവാതം തുടങ്ങിയ നിരവധി രോഗങ്ങള്‍ക്ക് കാരണമായിത്തീരുകയും ചെയ്യുന്നു.
ഒഴിവാക്കേണ്ട വിരുദ്ധാഹാരങ്ങള്‍

*
മത്സ്യത്തിന്റെ കൂടെ ഉഴുന്ന്, പാല്, തേന്‍, മോര് തുടങ്ങിയവ ഭക്ഷിക്കുന്നത്.
*
പുളിരസമുള്ള പദാര്‍ഥങ്ങളും പാലും ചേര്‍ത്ത് സേവിക്കുന്നത്.
*
പച്ചക്കറികള്‍ കഴിച്ചയുടനെ പാല് കഴിക്കുന്നത്.
*
കോഴിയിറച്ചിയും തൈരും ചേര്‍ത്ത് കഴിക്കുന്നത്.
*
മോരോ തൈരോ വാഴപ്പഴത്തോടുചേര്‍ത്ത് ഉപയോഗിക്കുന്നത്.
*
തേനും നെയ്യും സമമായി ചേര്‍ത്തുപയോഗിക്കുന്നത്.
ശരീരത്തെ താങ്ങിനിര്‍ത്തുന്ന മൂന്ന് തൂണുകളാണ് ആഹാരം, നിദ്ര, അബ്രഹ്മചര്യം എന്നിവ.
ദഹനപ്രശ്‌നങ്ങള്‍

ദഹനത്തിനുണ്ടാകുന്ന ഏതുപ്രശ്‌നവും പലതരം രോഗങ്ങളിലേക്കു വഴിതെളിക്കും. ശരിയായ ദഹനശോധനക്രമങ്ങളാണുള്ളതെങ്കില്‍ ആരോഗ്യകാര്യത്തില്‍ വലിയൊരു പങ്കുവിജയമായി എന്നു പറയാം. ദഹനശേഷിക്കനുസരിച്ചു മിതമായ തോതിലേ ഭക്ഷണം കഴിക്കാവൂ. ശരീരത്തിന്റെ പൊതു ആരോഗ്യസ്ഥിതിയും ദഹനശേഷിയും പ്രായവും ജോലിയുടെ സ്വഭാവവും ഒക്കെ കണക്കിലെടുത്തുവേണം ഭക്ഷണം കഴിക്കാന്‍. ഭക്ഷണം കഴിക്കുന്ന രീതിയും പ്രധാനമാണ്. നന്നായി ചവച്ചരച്ചു വേണം ഭക്ഷിക്കാന്‍. ദഹനപ്രക്രിയ തുടങ്ങുന്നത് വായിലാണ്. ഭക്ഷണം വായിലിട്ട് വര്‍ത്തമാനം പറയുകയോ ധൃതിപിടിച്ച് വെട്ടി വിഴുങ്ങുകയോ ചെയ്യരുത്. സാവധാനം രുചിയോടെ കഴിക്കുക.
സമീകൃതാഹാരം

ഉപ്പ്, പുളി, കയ്പ്, ചവര്‍പ്പ്, മധുരം, എരിവ് തുടങ്ങി എല്ലാ രസങ്ങളും സമീകൃതമായി അടങ്ങിയ ആഹാരസാധനങ്ങള്‍ കഴിക്കുന്നതു ശീലമാക്കണം. ചില രസങ്ങള്‍ പൂര്‍ണമായി ഒഴിവാക്കുന്നതു ശരിയല്ല. ചിലരസങ്ങള്‍ കൂടുന്നതും ചിലതു കുറയുന്നതുമാണ് മിക്ക ദഹനപ്രശ്‌നങ്ങളുടെയും കാരണം.
പ്രാതല്‍ നന്നായി കഴിക്കാം

ഒരു ദിവസത്തെ ഏറ്റവും പ്രധാന ഭക്ഷണം പ്രഭാതഭക്ഷണംപ്രാതല്‍തന്നെയാണ്. രാവിലെ നന്നായി കഴിച്ചാലേ ഊര്‍ജ്ജസ്വലമായി ജോലികള്‍ ചെയ്യാന്‍ കഴിയുകയുള്ളൂ. നല്ലൊരു പ്രാതല്‍ കഴിച്ചാല്‍ ഉച്ചയൂണിന്റെയും അത്താഴത്തിന്റെയും അളവ് കുറയ്ക്കാനാകും. ഓരോ ഭക്ഷണവും സമീകൃതമായിരിക്കണം. വളരുന്ന പ്രായത്തില്‍ പ്രാതലിന് പ്രത്യേക പ്രാധാന്യമുണ്ട്. സ്കൂളിലും കോളേജിലും പോകുന്ന കുട്ടികള്‍ രാവിലെ നന്നായി ഭക്ഷണം കഴിച്ചിട്ടേ പോകാവൂ. ഇല്ലെങ്കില്‍ പഠനത്തില്‍ ശരിയായി ശ്രദ്ധിക്കാനാവില്ല. വയറുവേദനയും ഗ്യാസ്ട്രബിളും മലബന്ധവും പോലുള്ള പ്രശ്‌നങ്ങളുണ്ടാകാനും ഇതു കാരണമാകാം.
ഉച്ചഭക്ഷണം

മിക്കവര്‍ക്കും പ്രധാന ഭക്ഷണം ഉച്ചയ്ക്കാണ്. പ്രഭാതഭക്ഷണത്തേക്കാള്‍ കുറച്ചുമാത്രം ഉച്ചഭക്ഷണം കഴിക്കുന്നതാണ് നല്ലത്. ഉച്ചഭക്ഷണത്തിനുശേഷം അല്‍പനേരം വിശ്രമവുമാവാം.
അത്താഴം അത്തിപ്പഴത്തോളം

ജോലിത്തിരക്കുകള്‍ മൂലം പ്രാതലിനും ഉച്ചഭക്ഷണത്തിനും പ്രാധാന്യം കൊടുക്കാതിരിക്കുകയും അത്താഴം നന്നായി കഴിക്കുകയും ചെയ്യുന്നവരുണ്ട്. ഇതു ശരിയല്ല. അത്താഴം വളരെ കുറച്ചേ വേണ്ടൂ എന്നു വ്യക്തമാക്കുന്നതാണല്ലോ "അത്താഴം അത്തിപ്പഴത്തോളം" എന്ന ചൊല്ല്. രാത്രി വൈകും മുമ്പ് അത്താഴം കഴിക്കണം. കുറച്ചുമതി. ഭക്ഷണത്തിലെ ക്രമമില്ലായ്മയാണ് ഗ്യാസ്ട്രബിള്‍, പുളിച്ചുതികട്ടല്‍, മലബന്ധം തുടങ്ങി മിക്ക ദഹനപ്രശ്‌നങ്ങള്‍ക്കും കാരണം.
പഴങ്ങള്‍ ശീലിക്കുക

ദഹനശോധനകള്‍ ക്രമീകരിക്കുന്നതില്‍ പഴങ്ങള്‍ക്ക് പ്രമുഖ സ്ഥാനമുണ്ട്. പപ്പായ, പൈനാപ്പിള്‍, പേരക്ക, മാമ്പഴം തുടങ്ങി നാട്ടില്‍ സുലഭമായി കിട്ടുന്ന പഴങ്ങളാണ് ഏറ്റവും നല്ലത്. രാസവളവും കീടനാശിനിയും ചേര്‍ക്കാത്തതും വില കുറഞ്ഞതുമായ പപ്പായ നിത്യവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. ചോറ് പതിവായി കഴിക്കുന്നവര്‍ എല്ലാ ദിവസവും ഏതെങ്കിലും പയറുവര്‍ഗങ്ങള്‍ കൂടി കഴിക്കണം. എല്ലാത്തരം ദഹനപ്രശ്‌നങ്ങളും ഒഴിവാക്കാനും വയറു സുഖമായിരിക്കാനും ഈ ഭക്ഷണശീലങ്ങള്‍ സഹായിക്കും.
പച്ചക്കറി സൂപ്പുകള്‍, പഴച്ചാറുകള്‍ തുടങ്ങിയവയും ദഹനസഹായികള്‍ തന്നെ. മിതവും ഹിതവുമായ ആഹാരക്രമം പുലര്‍ത്തുന്നത് എല്ലാവിധ ദഹനപ്രശ്‌നങ്ങളും ഒഴിവാക്കാന്‍ ഉത്തമമാണ്. ദഹനക്കേട്, ഗ്യാസ്ട്രബിള്‍, പുളിച്ചുതികട്ടല്‍, മലബന്ധം, വയറിളക്കം, അപ്പന്‍ഡിസൈറ്റിസ് തുടങ്ങി എല്ലാ പ്രശ്‌നങ്ങളും പ്രതിരോധിക്കാന്‍ ഭക്ഷണക്രമങ്ങള്‍ ചിട്ടപ്പെടുത്തുന്നതിലൂടെ കഴിയും.

0 comments

Leave a Reply

 
food and safety ഭക്ഷ്യസുരക്ഷിതത്വം © 2011 SpicyTricks & ThemePacific.