Your Page links

 
Tuesday, January 3, 2012

മുരിങ്ങയിലുണ്ട് ഔഷധക്കലവറ

ഇലക്കറികള്‍ എന്നു കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സിലെത്തുക മുരിങ്ങയില തോരന്‍ ആയിരിക്കും. മുന്‍പ് മിക്ക വീടുകളിലും കണ്ടിരുന്ന ഒരു ഇടത്തരം വൃക്ഷമാണ് മുരിങ്ങ. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ കഴിവുള്ള .മുരിങ്ങയുടെ ഇലകള്‍ ജലാംശം, പ്രോട്ടീന്‍, കൊഴുപ്പ്, അന്നജം, നാരുകള്‍, കാല്‍സ്യം, ഫോസ്ഫറസ്, അയഡിന്‍, ഇരുമ്പ്, ചെമ്പ്, കരോട്ടിന്‍, അസ്‌കോര്‍ബിക് അമ്ലം, നിക്കോട്ടിനിക് അമ്ലം തുടങ്ങിയ രാസഘടകങ്ങളാല്‍ സമൃദ്ധമാണ്. മാത്രമല്ല മുരിങ്ങയില കണ്ണിനു നല്ലതാണ്. വേദനാ ശമനവും കൃമിഹരവും കൂടിയാണ്.
ഇതിന്റെ പൂക്കളില്‍ ധാരാളമായി പൊട്ടാസ്യവും കാല്‍സ്യവും അടങ്ങിയിട്ടുണ്ട്. പുഷ്പങ്ങള്‍ ബലത്തെ പ്രദാനം ചെയ്യുന്നതും മൂത്രവര്‍ധകവുമാകുന്നു.
അനവധി അമിനാമ്ലങ്ങള്‍, വിറ്റാമിന്‍ എ, സി, കാല്‍സ്യം, ഫോസ്ഫറസ്, അയഡിന്‍, ചെമ്പ്, ഇരുമ്പ്, പ്രോട്ടീന്‍, ജലാംശം, അന്നജം, കൊഴുപ്പ് എന്നീ ഘടകങ്ങള്‍കൊണ്ട് നിറഞ്ഞതാണ് മുരിങ്ങക്കായ.
മുരിങ്ങയുടെ വേരില്‍നിന്നും  തൊലിയില്‍നിന്നും അണുനാശക ശക്തിയുള്ള ചില ആല്‍ക്കലോയിഡുകള്‍ വേര്‍തിരിക്കപ്പെട്ടിട്ടുണ്ട്. മുരിങ്ങവേര് ഉഷ്ണവീര്യവും, കൃമിഹരവും, മൂത്രവര്‍ധകവും, ആര്‍ത്തവജനകവും, നീര്‍ക്കെട്ട്, വേദന എന്നിവയെ ശമിപ്പിക്കുന്നതിനും ഉത്തമമാണ്.
മുരിങ്ങയുടെ ഔഷധപ്രയോഗങ്ങള്‍
മുരിങ്ങയില അരച്ച് കല്‍ക്കമാക്കി ഒരു ചെറിയ നെല്ലിക്കാ വലിപ്പത്തില്‍ കഴിച്ചാല്‍ രക്താതിമര്‍ദം ശമിക്കും.
രണ്ടു ടീസ്പൂണ്‍ മുരിങ്ങയിലനീര് ലേശം തേന്‍ ചേര്‍ത്ത് സേവിച്ചാല്‍ തിമിരരോഗബാധ അകറ്റാം.
കുറച്ച് മുരിങ്ങയില, രണ്ടോ മൂന്നോ അല്ലി വെളുത്തുള്ളി, അല്‍പം മഞ്ഞള്‍പ്പൊടി, കുരുമുളക്‌പൊടി എന്നിവ അരച്ച് കഴിക്കുന്നത് മോണരോഗങ്ങളെ ചെറുക്കും.
അരിച്ചെടുത്ത മുരിങ്ങയില കഷായം കൊണ്ട് പല പ്രാവശ്യം കണ്ണു കഴുകുന്നത് ചെങ്കണ്ണ് തുടങ്ങിയ നേത്രരോഗങ്ങള്‍ക്ക് ഫലപ്രദമാണ്.
നീര്‍ക്കെട്ടുള്ള ഭാഗങ്ങളില്‍ ഇലയരച്ച് പുറമേ ലേപനം ചെയ്യുന്നതും നന്ന്.
അല്പം നെയ്യ് ചേര്‍ത്ത് പാകപ്പെടുത്തിയ മുരിങ്ങയില കുട്ടികള്‍ക്ക് നല്‍കുന്നത് ശരീരപുഷ്ടികരമാണ്.
പ്രസവശേഷം സ്ത്രീകള്‍ക്ക് മുലപ്പാല്‍ വര്‍ധിക്കുന്നതിനായി മുരിങ്ങയിലത്തോരന്‍ നല്‍കാവുന്നതാണ്.
* പതിവായി മുരിങ്ങയില ഭക്ഷണത്തിലുള്‍പ്പെടുത്തിയാല്‍ ലൈംഗികശേഷി വര്‍ധിക്കും. പൂക്കള്‍ പശുവിന്‍പാല്‍ ചേര്‍ത്ത് തിളപ്പിച്ച് സേവിച്ചാലും ഈ ഫലം ലഭിക്കും.
* മുരിങ്ങക്കായ സൂപ്പ് വെച്ച് കഴിച്ചാല്‍ ശരീരക്ഷീണം കുറയും.
* വൃക്ഷത്തിന്റെ ശിഖരങ്ങളില്‍നിന്നു പൊട്ടി ഒലിച്ചിറങ്ങുന്നതായ പശ എള്ളെണ്ണ ചേര്‍ത്ത് കര്‍ണരോഗങ്ങളില്‍ കര്‍ണപൂരണാര്‍ഥം പ്രയോഗിക്കാം.
* മുരിങ്ങപ്പശ തലവേദനയുള്ളപ്പോള്‍ പശുവിന്‍പാല്‍ ചേര്‍ത്ത് ചെന്നിപ്രദേശത്ത് പുരട്ടുന്നത് ആശ്വാസമേകും.
* മുരിങ്ങക്കുരുവില്‍ നിന്നുമുള്ള എണ്ണ കപ്പലണ്ടി എണ്ണയോടൊപ്പം ചേര്‍ത്ത് പുറമേ പുരട്ടുന്നത് വാതസംബന്ധമായ നീരും വേദനയും കുറയ്ക്കും.
* മുരിങ്ങവേരിന്‍ കഷായം കവിള്‍കൊണ്ടാല്‍ കലശലായ തൊണ്ടവേദന ശമിക്കും. ജ്വരം, വാത രോഗങ്ങള്‍, അപസ്മാരം, ഉന്മാദം, വിഷബാധ എന്നിവയകറ്റാനും ഈ കഷായം സേവിക്കാവുന്നതാണ്.
* മഹോദരം, കരള്‍ രോഗം, പ്ലീഹാരോഗം തുടങ്ങിയവയില്‍ മുരിങ്ങവേരും കടുകും ചേര്‍ത്ത് കഷായം വെച്ച് സേവിക്കുന്നത് ഏറെ ഫലം ചെയ്യും.
* നീര്‍വീക്കത്തില്‍ മുരിങ്ങവേരരച്ച് പുറമേ പുരട്ടുന്നതും ഉത്തമമാണ്.



0 comments

Leave a Reply

 
food and safety ഭക്ഷ്യസുരക്ഷിതത്വം © 2011 SpicyTricks & ThemePacific.