Your Page links

 
Tuesday, January 3, 2012

രോഗ സംരക്ഷണത്തിന് നാരുകളടങ്ങിയ ഭക്ഷണം

ഇന്നത്തെ തിരക്കിന്റെ ലോകത്ത് ഭക്ഷണ കാര്യത്തില്‍ പോലും വേണ്ട വിധം ശ്രദ്ധിക്കാന്‍ ആളുകള്‍ക്ക് സമയമില്ല. അപ്പോള്‍ പിന്നെ നാരുകളടങ്ങിയ ഭക്ഷണം  എന്നൊക്കെ പറഞ്ഞാല്‍ എന്തു ചെയ്യാന്‍ കഴിയും. എന്നാല്‍ ഇക്കാര്യത്തില്‍ കുറച്ചു ശ്രദ്ധയുളളത് നല്ലതാണ്. പ്രത്യേകിച്ചും കുട്ടികളുടെ ഭക്ഷണ ക്രമത്തില്‍.
ശരീരത്തെ പല രോഗങ്ങളില്‍ നിന്നും സംരക്ഷിക്കുന്ന കാര്യത്തില്‍ നാരുകളടങ്ങിയ ഭക്ഷണത്തിന് വലിയ പങ്കു വഹിക്കാനുണ്ട്. ഇപ്പോഴത്തെ ഏറ്റവും വലിയ പ്രശ്‌നമായ അമിതവണ്ണവും അതിനോടു ബന്ധപ്പെട്ട രക്താതിസമ്മര്‍ദ്ദം, പ്രമേഹം, ഹൃദ്രോഗം എന്നിവയ്‌ക്കെതിരേ പ്രതിരോധിക്കാന്‍ കഴിവുളളവയാണ് നാരുകള്‍. ഇതിനു പുറമെ, മലബന്ധം, അസിഡിറ്റി തുടങ്ങിയ ശാരീരികാസ്വസ്ഥതകള്‍ ഉണ്ടാവാതിരിക്കാനും ഇവ സഹായിക്കും.
തരിയുളള ഭക്ഷണത്തെയല്ല നാരുകള്‍ അടങ്ങിയതെന്നു വിശേഷിപ്പിക്കുന്നത്. ദഹിക്കാതെ വരുന്ന അന്നജമാണ് നാരുകള്‍ അഥവാ ഫൈബര്‍ എന്നറിയപ്പെടുന്നത്. തവിടു കളയാതെ ഉപയോഗിക്കുന്ന ധാന്യപ്പൊടികള്‍, പയറുവര്‍ഗങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവയിലെല്ലാം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇന്ന് എല്ലാവര്‍ക്കും തിരക്കാണ്. ഈ തിരിക്കിനിടയില്‍ കൂടുതല്‍ വേഗത്തിലും സ്വാദിലും കിട്ടുന്ന ആഹാരത്തോടാണ് പ്രിയം. എന്നാല്‍ ഭക്ഷണകാര്യത്തില്‍ നാരുകള്‍ക്ക് പ്രാധാന്യം കൊടുത്തേ മതിയാകൂ.
എങ്ങനെയാണ് നാരുകള്‍ ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന് നോക്കാം. നാരുകള്‍ കഴിച്ചാല്‍ വയറു നിറഞ്ഞെന്ന പ്രതീതി ഉണ്ടാകുന്നു. അതുകൊണ്ട് കൂടുതല്‍ ഊര്‍ജവും കൊഴുപ്പുമുളള ഭക്ഷണം അധികം കഴിക്കേണ്ടിവരില്ല. ഉച്ചസമയത്തും അത്താഴത്തിനും സാലഡുകള്‍ നല്ലതുപോലെ കഴിച്ചാല്‍ അന്നജവും കൊഴുപ്പും കൂടുതലുളള ഭക്ഷണം അധികം കഴിക്കേണ്ടിവരില്ല. നാരുകളുളള ഭക്ഷണം കഴിച്ചാല്‍ ശരീരത്തിന് കൂടുതല്‍ ജോലി ചെയ്യേണ്ടിവരും. അതുകൊണ്ട്, ശരീരത്തിലുളള കൊഴുപ്പ് വിഘടിപ്പിച്ചു കളയാനും രക്തത്തിലെ കൊളസ്‌ട്രോള്‍ കുറയാനും പഞ്ചസാരയുടെ അളവ് കുറയാനും ഇടയാകും. ചുരുക്കത്തില്‍ നാരുകളടങ്ങിയ ഭക്ഷണം കഴിച്ചാല്‍ വയറു നിറഞ്ഞു എന്നു തോന്നും, പുതിയ ഉന്മേഷമുണ്ടാകും. അങ്ങനെ തടികുറയ്ക്കാം, ആരോഗ്യം വര്‍ദ്ധിപ്പിക്കാം.




0 comments

Leave a Reply

 
food and safety ഭക്ഷ്യസുരക്ഷിതത്വം © 2011 SpicyTricks & ThemePacific.